നെറ്റ്സിൽ പന്തെറിഞ്ഞ് ഹാർദിക്; ഇന്ത്യക്ക് ആശ്വാസം

ദുബായ്: മാസങ്ങള്‍ക്കു ശേഷം ആദ്യമായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നലെ നെറ്റ്‌സില്‍ പന്തെറിഞ്ഞു. ട്വന്റി20 ലോകകപ്പില്‍ ഞായറാഴ്ച നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടുന്ന ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കുറെക്കാലമായി ഹാര്‍ദിക് പന്തെറിയാത്തത് ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിരുന്നു.

ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ഹാര്‍ദിക്കിന്റെ തോളിനു പരുക്കേറ്റത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇന്നലെ നെറ്റ്‌സില്‍ പ്രാക്ടീസ് നടത്തിയോടെ, ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പന്തെറിയാനെത്തുമെന്ന സൂചനകള്‍ ശക്തമായി. ഹാര്‍ദിക് കൂടി ബോളിങ് നിരയിലേക്ക് എത്തിയാല്‍ ഇന്ത്യയ്ക്ക് ആറാം ബോളറുടെ സേവനമാണു ലഭിക്കുക.

ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ഹാര്‍ദിക് അവസാനമായി ബോള്‍ ചെയ്തത്. ഇക്കഴിഞ്ഞ ഐപിഎല്‍ യുഎഇ ലെഗില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് ഒരു പന്തുപോലും എറിഞ്ഞിരുന്നില്ല. ഇന്നലെ 20 മിനിറ്റോളം പന്തെറിഞ്ഞ ഹാര്‍ദിക് ഫിറ്റ്‌നസ് പരിശോധകള്‍ക്കും വിധേയനായി. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മെന്റര്‍ എം.എസ്.ധോണിയും നിരീക്ഷകരായി സ്ഥലത്തുണ്ടായിരുന്നു.

 

Top