ഹര്‍ദീപ് സിങ് വധം; ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരായ തെളിവുകള്‍ പുറത്തുവിടണമെന്ന് പിയര്‍ പൊലീവ്

ഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തിന് പിന്നിലുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയര്‍ പൊലീവ്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളില്‍ ആണ് പിയര്‍ പൊലീവ് പ്രതികരണം അറിയിച്ചത്.

ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് വിശ്വാസീയത വരണമെങ്കില്‍ മുഴുവന്‍ തെളിവുകളും പുറത്തുവരണമെന്ന് പിയര്‍ പൊലീവ് വ്യക്തമാക്കി. പ്രധാനമന്ത്രി എല്ലാ വസ്തുതകളും മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ ആരോപണത്സത്തില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് അന്തിമ തീരുമാനത്തിലെത്താന്‍ മുഴുവന്‍ തെളിവുകളെ കുറിച്ച് അറിയേണ്ടതുണ്ടെന്നും പിയര്‍ പൊലീവ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ആരോപണത്തിന്റെ തെളിവുകളൊന്നും നല്‍കിയിട്ടില്ല. അദ്ദേഹം ഒരു പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തത്. കനേഡിയന്‍ ജനതയോട് പരസ്യമായി പറഞ്ഞതില്‍ കൂടുതലൊന്നും പ്രധാനമന്ത്രി തന്നോട് സ്വകാര്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നിരോധിത ഖലിസ്ഥാന്‍ സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ‘ഇന്ത്യന്‍ സര്‍ക്കാറിന്റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തലാണ് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയത്. ആരോപണത്തിനു പിന്നാലെ രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങള്‍ ദുരുപദിഷ്ടവും അസംബന്ധവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ഹര്‍ദീപ് സിങ് നിജ്ജാര്‍ കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്. സര്‍റിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാര്‍ക്കിങ്ങില്‍ സ്വന്തം പിക്കപ് വാനില്‍ വെടിയേറ്റ് അതിഗുരുതരാവസ്ഥയില്‍ കണ്ട നിജ്ജാര്‍ പിന്നീട് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാര്‍ കാനഡയിലെ പ്രമുഖ ഖലിസ്ഥാന്‍ നേതാവുമായിരുന്നു. കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യക്കെതിരായ ആരോപണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സൂനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി ട്രൂഡോ സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020ല്‍ ഭീകരനായി പ്രഖ്യാപിച്ച് യു.എ.പി.എ ചുമത്തിയ നിജ്ജാറിന്റെ ഇന്ത്യയിലെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു.

2016ല്‍ ഇന്റര്‍പോള്‍ നിജ്ജാറിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യം ശക്തമാക്കിയിരുന്നെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിഖുകാര്‍ കഴിയുന്ന രാജ്യമാണ് കാനഡ.

Top