ആ രണ്ട് താരങ്ങളും പ്ലേയിംഗ് ഇലവനില്‍ വേണം; ഹര്‍ഭജന്‍ സിംഗ്

ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്പിന്‍ ജോഡികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ്. രണ്ടര വര്‍ഷമായി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സ്പിന്‍ ദ്വയമായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ മികച്ച പ്രകടനമാണെന്നായിരുന്നു ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.

സ്പിന്നര്‍മാരില്‍ ഒരാളെ മാറ്റി ഇന്ത്യ, പേസ് ബൗളറായ മൊഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കും പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയത്.

‘കുല്‍ദീപ് – ചഹല്‍ കൂട്ടുകെട്ട് വളരെ മികച്ചതാണ്. ഇന്ത്യ കഴിഞ്ഞ രണ്ട്, രണ്ടര വര്‍ഷങ്ങളായി ഏകദിനത്തില്‍ കാഴ്ച വെക്കുന്ന മികച്ച പ്രകടനങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളാണ് കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹലും.ഇരുവരേയും ഒരുമിച്ച് ടീമില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തെന്നാല്‍ മറ്റ് ടീമുകള്‍ക്കൊന്നും രണ്ട് സ്പിന്നര്‍മാരില്ല. അത് കൊണ്ടു തന്നെ എതിര്‍ ടീമുകള്‍ക്കൊന്നും മധ്യ ഓവറുകളില്‍ സ്പിന്നിനെ നേരിട്ട പരിചയം കാണില്ല. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന രീതി ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ പോലും അത് ഫലപ്രദമായി. ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ 2 താരങ്ങളും ടീമില്‍ വേണം.’ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു

Top