ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ കരിയര്‍ മതിയാക്കുന്നു; ഹര്‍ഭജന്‍ സിംഗ് വിരമിച്ചു

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളില്‍ നിന്നും വിരമിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയര്‍ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അറിയിച്ചത്.

ഐപിഎല്‍ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലില്‍ സജീവമായിരുന്നു.

1998ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ അക്കൊല്ലം തന്നെ നടന്നു. 2006ല്‍ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ ഹര്‍ഭജന്‍ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റില്‍ 2224 റണ്‍സും നേടിയിട്ടുണ്ട്.

236 ഏകദിന മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും, 28 ടി-20കളില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകളിലും കളിച്ച ഭാജി 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകളാണ് നേടിയത്.

Top