ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിലെ മത്സരങ്ങള്‍ പാതിവഴി പിന്നിട്ടപ്പോള്‍ പ്ലേ ഓഫ് ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. പോയിന്റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് മുന്നിലെങ്കിലും ഇതുവരെ ഒരു ടീമിനും വലിയ മേധാവിത്വം നേടാനായിട്ടില്ല. അതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം എല്ലാ ടീമിനും നിര്‍ണായകമാണ്. ഔദ്യോഗികമായി ഒരു ടീമും ഇതുവരെ സീസണില്‍ നിന്ന് പുറത്തായിട്ടില്ല. ഏതൊക്കെ ടീമുകളാവും പതിനാറാം സീസണിന്റെ പ്ലേ ഓഫില്‍ ഇടംപിടിക്കുക എന്ന ആകാംക്ഷ മുറുകിയിരിക്കേ തന്റെ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്, ഫാഫ് ഡുപ്ലസിസിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാണ് പ്ലേ ഓഫിന് ഇക്കുറി യോഗ്യത നേടുക എന്നാണ് ഭാജിയുടെ പ്രവചനം. നാല് കിരീടം നേടിത്തന്നിട്ടുള്ള ഇതിഹാസ നായകന്‍ എം എസ് ധോണിക്ക് കപ്പോടെ യാത്രയപ്പ് നല്‍കാന്‍ സിഎസ്‌കെ ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍ ആറാം കിരീടമാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കന്നി കിരീടമെന്ന സ്വപ്‌നം ഇതുവരെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്ത ആര്‍സിബിക്കും ഇത് സുവര്‍ണാവസരമാണ്. എന്നാല്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമത് നില്‍ക്കുന്നവരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് യോഗ്യത നേടും എന്ന് ഹര്‍ഭജന്‍ പറയുന്നില്ല.

ഐപിഎല്ലില്‍ നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം നിര്‍ണായകമാണ്. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡ‍ിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുഖാമുഖം ഏറ്റുമുട്ടും. ഇരു ടീമിനും അതിജീവനത്തിന്റെ പോരാട്ടമാണിത്. കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ എട്ടും സണ്‍റൈസേഴ്‌സ് ഒന്‍പതും സ്ഥാനങ്ങളിലാണ്. ആറ് പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.

Top