ഖേല്‍ രത്‌നയ്ക്കായി നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു: ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. ഇത്തവണത്തെ ഖേല്‍രത്ന പുരസ്‌കാരത്തിനായി ഹര്‍ഭജന്‍ സിങ്ങിന്റെ പേര് പഞ്ചാബ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ ഖേല്‍രത്ന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തത് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.

രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഖേല്‍രത്നയ്ക്ക് താന്‍ അര്‍ഹനല്ലാത്തതിനാലാണ് നാമനിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘പ്രിയ സുഹൃത്തുക്കളെ എന്തുകൊണ്ടാണ് പഞ്ചാബ് സര്‍ക്കാര്‍ തന്റെ പേര് ഖേല്‍രത്ന പുരസ്‌കാര നാമനിര്‍ദേശങ്ങളില്‍ നിന്ന് നീക്കിയതെന്ന് അറിയാന്‍ നിരവധി കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നത്. സത്യത്തില്‍ ഞാന്‍ ഖേല്‍രത്ന പുരസ്‌കാര്യത്തിന് യോഗ്യനല്ല. അവസാന മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ എനിക്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കില്ല. എന്റെ പേര് മാറ്റിയത് പഞ്ചാബ് സര്‍ക്കാരിന്റെ തെറ്റല്ല. എന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. നന്ദി-ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

Top