ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോൺഗ്രസിലേക്ക് ചേരുമെന്ന സാധ്യത തള്ളാതെ ഹർഭജൻ സിങ്

ഛണ്ഡീഗഢ്: കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത തള്ളാതെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തള്ളാതെ താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

‘എല്ലാ പാര്‍ട്ടിയിലുള്ള രാഷ്ട്രീയക്കാരേയും തനിക്കറിയാം. രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ പഞ്ചാബിനായി പ്രവര്‍ത്തിക്കും. ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല’, ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ഹര്‍ഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ‘ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നുംതാരമായ ഭാജിയോടൊപ്പം’ എന്ന തലക്കെട്ടോടെയാണ് സിദ്ദു ചിത്രം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

ഹര്‍ഭജനെ പഞ്ചാബില്‍ ബിജെപി രംഗത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അത് വ്യാജമാണെന്നായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം. ഇതിന് ശേഷമാണ് സിദ്ദു ഹര്‍ഭജനുമായി കൂടിക്കാഴ്ച നടത്തിയത്.

Top