ഞാനെപ്പോള്‍ ആണ് പൊട്ടിക്കരഞ്ഞത്; മങ്കി ഗേറ്റ് വിവാദത്തില്‍ സൈമണ്ട്‌സിനോട് ഹര്‍ഭജന്‍

പെര്‍ത്ത്: മങ്കി ഗേറ്റ് വിവാദത്തില്‍ വീണ്ടും വിവാദം. മങ്കി ഗേറ്റ് പ്രശ്‌നത്തിന്റെ പേരില്‍ ഹര്‍ഭജന്‍ സിംഗ് തന്നോട് പൊട്ടിക്കരഞ്ഞ് മാപ്പുപറഞ്ഞുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്‌സിന്റെ വെളിപ്പെടുത്തലാണ് വീണ്ടും വിവാദത്തിന് വഴിതെളിച്ചത്.

ഹര്‍ഭജന്‍ പൊട്ടിക്കരഞ്ഞു എന്ന സൈമണ്ട്‌സിന്റെ അവകാശ വാദത്തിനെതിരെ സാക്ഷാല്‍ ഹര്‍ഭജന്‍ തന്നെയാണ് രംഗത്തെത്തിയത്. താന്‍ പൊട്ടിക്കരഞ്ഞതെപ്പോഴാണെന്നും, എന്തിനാണെന്നും തിരിച്ചുചോദിച്ചാണ് ഹര്‍ഭജന്‍ സിംഗ് എത്തിയത്.

2008ലെ സിഡ്‌നി ടെസ്റ്റിനിടെയുണ്ടായ മങ്കി ഗേറ്റ് വിവാദത്തിന് പത്തുവര്‍ഷമായതിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് തയാറാക്കിയ ഡോക്യുമെന്ററിയിലാണ് പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ ഹര്‍ഭജന്‍ മാപ്പു പറഞ്ഞതായി സൈമണ്ട്‌സ് വെളിപ്പെടുത്തിയത്.

മാപ്പു പറഞ്ഞശേഷം ഹര്‍ഭജന്‍ പൊട്ടിക്കരഞ്ഞുവെന്നും സൈമണ്ട്‌സ് ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് തിരിച്ചുചോദിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ ട്വീറ്റിലൂടെ. ഞാന്‍ കരഞ്ഞുവെന്നോ, എന്തിന് എന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ ചോദിച്ചു.

Top