പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജം: മുംബൈ പോലീസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് മുംബൈ പോലീസ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെയാണ് മുംബൈ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് പൃഥ്വി ഷായ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.2023 ഫെബ്രുവരി 15 ന് ഒരു പബ്ബില്‍ വെച്ച് ഷാ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഗില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഷായ്ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസെടുക്കാനും മടിച്ച മുംബൈ എയര്‍പോര്‍ട്ട് പോലീസിനെതിരെയും കേസ് നല്‍കി.

പരാതിക്കാരിയുടെ അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ കോടതി മുമ്പാകെ ഷാ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. പരാതിക്കാരിയുടെ സുഹൃത്തെടുത്ത വീഡിയോയാണിത്. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ഷാ നിരപരാധിയാണെന്ന് കണ്ടെത്തി. പബ്ബില്‍ പരാതിക്കാരിയും സുഹൃത്ത് ശോഭിത്ത് ഠാക്കൂറും മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നുവെന്നും ഠാക്കൂര്‍ ഷായുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ താരം അത് തടഞ്ഞുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഷാ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പബ്ബിലെ ദൃക്സാക്ഷികളില്‍ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ മോശമായി പെരുമാറുന്നതായി കണ്ടിട്ടില്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിലുള്ള സി.സി.ടി.വി ഫൂട്ടേജുകള്‍ പ്രകാരം പബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ഷായെ പരാതിക്കാരി പിന്തുടരുകയും കൈയ്യിലുള്ള ബേസ് ബോള്‍ ബാറ്റെടുത്ത് താരത്തിന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കുകയും ചെയ്തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.പൃഥ്വി ഷായാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. സബര്‍ബന്‍ ഹോട്ടലില്‍ സെല്‍ഫി എടുക്കാനായി എത്തിയ പരാതിക്കാരിയുമായി പൃഥ്വി ഷാ കൊമ്പുകോര്‍ത്തു. ഇതേത്തുടര്‍ന്ന് താരം പരാതിയുമായി രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് പീഡനാരോപണവുമായി പരാതിക്കാരി കേസുമായി മുന്നോട്ട് പോയത്.

Top