സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ സ്ത്രീകളെയും വളണ്ടിയര്‍മാരെയും ഉപദ്രവിച്ച രണ്ടു പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: സര്‍ക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തില്‍ സ്ത്രീകളേയും വളണ്ടിയര്‍മാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ ആശുപത്രി ക്യാമ്പസില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന 177 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും നിരാലംബരും സാമൂഹ്യവിരുദ്ധരും എല്ലാം അടങ്ങുന്ന സംഘത്തെ കൊവിഡ് നീരീക്ഷണത്തിനായി വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലെ ക്യാന്പിലേക്ക് മാറ്റി.

ഇതില്‍ രണ്ടു പേരാണ് കഴിഞ്ഞ ദിവസം ക്യാമ്പിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിച്ചത്. മറ്റ് അന്തേവാസികള്‍ നല്‍കിയ പരാതിയില്‍ പട്ടാമ്പി സ്വദേശി പ്രസാദ്, തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ നേരത്തേ ഇത്തരം കേസുകളില്‍ പെട്ടവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ക്യാമ്പിലുള്ള മറ്റ് ചില ആളുകളും അക്രമണോത്സുകരായതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്നിന് അടിമകളായവാരണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് പൊലീസ് കരുതുന്നത്. പരാതി കിട്ടുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Top