ഹര്‍ ഘര്‍ തിരംഗ; കുതിച്ചുയര്‍ന്ന് പതാക വിൽപ്പന, കേന്ദ്രത്തെ അഭിനന്ദിച്ച് വ്യാപാരി സമൂഹം

ദില്ലി: കേന്ദ്രസർക്കാർ ‘ഹർ ഘർ തിരംഗ’ ക്യാംപയിൻ ആരംഭിച്ചത് ഗുണം ചെയ്തത് വ്യാപാരികൾക്ക്. ദേശീയ പതാക വിൽപ്പയിൽ രാജ്യത്തെങ്ങും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പതാകകൾ കിട്ടാനില്ലാത്ത അവസ്ഥയാണ് പലയിടത്തും ഉള്ളത്. ദേശീയ പതാക തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യവസായികളും കച്ചവടക്കാരും കേന്ദ്രസർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാംപയിനെ പ്രശംസിച്ച് രം​ഗത്തെത്തി. കമ്പനികളുടെ സിഎസ്ആർ ഫണ്ട് ക്യാംപയിനിന് ചെലവഴിക്കാൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെയും പതാക നിർമ്മാതാക്കൾ പ്രശംസിച്ചു.

“ഈ വർഷം ദേശീയ പതാകയ്ക്ക് അഭൂതപൂർവമായ ഡിമാൻഡാണ് ഉണ്ടായത്. കഴിഞ്ഞ 16 വർഷത്തെ എന്റെ ബിസിനസ്സിൽ ഇത്തരമൊരു ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും പതാകയുണ്ടോ എന്ന അന്വേഷണങ്ങൾ ലഭിക്കുന്നു, പക്ഷേ അവസാന നിമിഷത്തിൽ അവയിൽ ചിലത് ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു. 10 ലക്ഷത്തോളം ദേശീയ പതാക ഇതുവരെ വിതരണം ചെയ്തു. ഹർ ഘർ ത്രിംഗ ക്യാംപയിനിലൂടെ പതാക വിൽപ്പന വർധിച്ചു” മുംബൈ ആസ്ഥാനമായുള്ള ദി ഫ്ലാഗ് കമ്പനിയുടെ സഹസ്ഥാപകൻ ദൽവീർ സിംഗ് നാഗി പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഡെലിവർ ചെയ്ത ഓർഡറുകളെ അപേക്ഷിച്ച്, ഇത്തവണ ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർദ്ധിച്ചു. കൂടാതെ പതാക നിർമ്മാണത്തിനായി തൊഴിലാളികൾ രാവും പകലും പ്രവർത്തിക്കുന്നുകയാണെന്നും പശ്ചിമ ബംഗാളിലെ ഒരു പതാക നിർമ്മാതാവ് പറഞ്ഞു.

കൊവിഡ് 19 ന് ശേഷം തകർന്ന വിപണിക്ക് വലിയ ഉണർവ്വാണ് ലഭിച്ചതെന്നും ഹർ ഘർ തി​രം​ഗ ക്യാംപയിൻ അനു​ഗ്രഹമാണെന്നും കൊൽക്കത്തയിലെ ബുറാബസാറിലെ പതാക വ്യാപാരിയായ അജിത് സാഹ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണികളിലൊന്നാണ് കൊൽക്കത്തയിലെ ബുറാബസാർ. ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാക ഓൺലൈനിൽ വിൽക്കുന്നുണ്ട്. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Top