അഫ്ഗാനിസ്ഥാനിലെ തീവ്രാവാദി ഗ്രൂപ്പ് നേതാവ് ജലാലുദ്ദിന്‍ ഹഖാനി മരിച്ചതായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പ് നേതാവ് ജലാലുദ്ദിന്‍ ഹഖാനി മരിച്ചതായി താലിബാന്‍. ദീര്‍ഘകാലമായി അസുഖമായിരിന്നുവെന്നാണ് താലിബാന്‍ വ്യക്തമാക്കിയത്. ജലാലുദ്ദീന്റെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയും താലിബാന്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താലിബാനുമായും അല്‍ക്വയ്ദയുമായും ബന്ധം പുലര്‍ത്തിയിരുന്ന ഹഖാനി നെറ്റ്‌വര്‍ക്കാണ് അഫ്ഗാനിലെ നാറ്റോ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം നടത്തിയ ഹഖാനി നെറ്റ്‌വര്‍ക്കിന് പണം മുടക്കിയിരുന്നത് അമേരിക്കയായിരുന്നു. ജലാലുദ്ദീന്‍ ഹഖാനി തങ്ങളുടെ അടുത്ത ആളായിരുന്നുവെന്ന് സി.ഐ.എയും വ്യക്തമാക്കിയിരുന്നു.

2012ലാണ് അമേരിക്ക ഹഖാനി ഗ്രൂപ്പിനെ ഭീകരസംഘമായി പ്രഖ്യാപിച്ചത്. 2015ല്‍ പാക്കിസ്ഥാനും സംഘടനയെ നിരോധിച്ചിരുന്നു. 1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ സര്‍ക്കാരില്‍ ട്രൈബല്‍ അഫയേഴ്‌സ് മന്ത്രിയായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. 2001ല്‍ താലിബാന്‍ പിന്തള്ളപ്പെട്ടപ്പോള്‍ ജലാലുദ്ദീന്‍ വീണ്ടും ആയുധമെടുക്കുകയായിരുന്നു. അല്‍ക്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘടനാണ് ഹഖാനി ഗ്രൂപ്പ്.

തലസ്ഥാനമായ കാബൂളിലും ഗോത്രമേഖലകളിലും വലിയ സ്വാധീനമാണ് സംഘടനയ്ക്കുള്ളത്. കഴിഞ്ഞ ജൂലൈയില്‍ പക്തിയ പ്രവിശ്യയിലെ അര്‍ഗന്‍ ജില്ലയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഹഖാനി ഗ്രൂപ്പാണെന്നു കരുതുന്നു.

Top