75ാം വാര്‍ഷികത്തിൽ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്നൊരു സ്വാതന്ത്ര്യദിന ആശംസ

ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യയ്ക്ക് ആശംസകളുമായി ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സമാന്ത ക്രിസ്‌റ്റോഫൊറെറ്റി. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി ഗഗന്‍യാന് ആശംസകള്‍ നേര്‍ന്നാണ് സമാന്ത വീഡിയോ സന്ദേശമയച്ചിരിക്കുന്നത്.

”നാസയുടെയും ഐ.എസ്.എയുടെയും മറ്റെല്ലാ അന്താരാഷ്ട്ര സഹയാത്രകരുടെയും പേരില്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ.എസ്.ആ.ര്‍ഒ.യുടെ പ്രഥമ പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി കാത്തിരിക്കുകയാണ്” സമാന്ത വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായുടെ ജന്മവാര്‍ഷിക ദിനത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആണ് ഒരു മിനിറ്റ് പതിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളുണ്ടെന്നും വിക്രം സാരാഭായുടെ ജന്മവാര്‍ഷികത്തില്‍ തന്നെ ഈ ആശംസ പങ്കുവയ്ക്കുന്നതില്‍ അതിയായ സന്ദേശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

 

Top