exclusive- നടന്നത് ആസൂത്രിത കൊലപാതകം ? ഉന്നത ഗൂഡാലോചന ചൂണ്ടിക്കാട്ടി കേരള പൊലീസ്

ഗൂഢല്ലൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായി 800 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോടനാട് എസ്‌റ്റേറ്റില്‍ നടന്നത് കവര്‍ച്ചയല്ല, കാവല്‍ക്കാരനെ കൊന്ന് ജയലളിതയുടെ സ്വത്തുരേഖകളാണ് കടത്തിയതെന്ന് സൂചന.

സംഭവത്തിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതും മാത്രമല്ല കേരള പൊലീസ് ചോദ്യം ചെയ്ത പ്രതികളില്‍ നിന്നും കിട്ടിയ പല വിവരങ്ങളും വന്‍ ഗൂഡാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉന്നതരുടെ പങ്കാളിത്തത്തോടെയുള്ള കോടനാട് എസ്‌റ്റേറ്റ് തട്ടിയെടുക്കാനുള്ള രഹസ്യ നാടകത്തിന്റെ ചുരുളഴിക്കുന്ന വിവരങ്ങളാണ് കേരള പൊലീസ് തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറിയത്. എന്നാല്‍ പരിക്കുകളോടെ പിടിയിലായ രണ്ടാം പ്രതി കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ.വി സയന്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കോയമ്പത്തൂര്‍ ആശുപത്രിയിലാണുള്ളത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. സയനും കുടൂംബവും സഞ്ചരിച്ച വാഹനം ‘അപകടത്തില്‍പെട്ടതും’ മകളും ഭാര്യയും കൊല്ലപ്പെട്ടതും പാലക്കാടായതിനാല്‍ കേരള പൊലീസിന്റെ ആവശ്യം തമിഴ്‌നാട് പൊലീസിന് തള്ളിക്കളയാന്‍ കഴിയില്ല.

24ന് പുലര്‍ച്ചെയാണ് കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ റാംബഹദൂറിനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയത്. ജയലളിതയുടെ മുന്‍ ഡ്രൈവര്‍ എടപ്പാടി സ്വദേശി കനകരാജ്, കെ.വി സയന്‍, മലയാളികളായ ഹവാല കുഴല്‍പ്പണ തട്ടിപ്പു സംഘത്തില്‍പെട്ട തൃശൂര്‍ പുതുക്കാട് സ്വദേശി സന്തോഷ് സാമി, കൊടകര കനകമല പള്ളത്തേരി ദീപു, പുതുക്കാട് സതീശന്‍, കൊടകര ഉദയകുമാര്‍, കവര്‍ച്ചക്കായി വാഹനം വാടകക്കെടുത്തു നല്‍കിയ മലപ്പുറം അരീക്കോട് പൂവത്തിക്കണ്ടി വാലില്ലാപ്പുഴ മാടവന ജിതിന്‍ ജോയ്, വൈത്തിരി പൊഴുതന കാരാട്ടില്‍ ജംഷീര്‍ അലി എന്നിവരടങ്ങുന്ന 11 അംഗ സംഘമായിരുന്നു കവര്‍ച്ച നടത്തിയത്.

ജയലളിതയുടെ ഡ്രൈവര്‍ കനകരാജ് കോടനാട് എസ്‌റ്റേറ്റില്‍ 2000 കോടി രൂപയുണ്ടെന്ന് പറഞ്ഞാണ് കവര്‍ച്ചക്കായി സയന്‍ മുഖേന സന്തോഷ് വഴി ഹവാല കുഴല്‍പ്പണ തട്ടിപ്പു സംഘത്തെ ഏര്‍പ്പെടുത്തിയത്. പണം കവരുകയാണ് ലക്ഷ്യമെന്നായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍ ഒരുവര്‍ഷമായി പൂട്ടിക്കിടന്ന ജയലളിതയുടെ മുറി തുറന്ന് രണ്ടു സ്യൂട്ട്‌കേസുകളാണ് കനകന്‍ എടുത്തത്. അവിടെയുണ്ടായിരുന്ന ജയലളിതയുടെ വാച്ച് അടക്കമുള്ളവ ക്വട്ടേഷന്‍ സംഘം കൈക്കലാക്കിയിരുന്നു.

മൂന്നു വാഹനങ്ങളിലായി വന്ന ഇവരില്‍ ഒരു കാറില്‍ കനകനും സയനും അടക്കം കോയമ്പത്തൂരിലേക്കു കടന്നു. ഇന്നോവ, എന്‍ഡവര്‍ വാഹനങ്ങളിലായി കേരളത്തിലേക്കു മടങ്ങുന്നതിനിടെ മലയാളികളായ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവരെ പുലര്‍ച്ചെ ഗൂഢല്ലൂര്‍ ടൗണില്‍ പട്രോളിങ് നടത്തിയ തമിഴ്‌നാട് പൊലീസ് പിടികൂടി. ഇവരില്‍ നിന്നും ജയലളിതയുടെ മൂന്നു വാച്ചുകളടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തു.

കൈയ്യില്‍ കാര്യമായ പണം ഇല്ലാതിരുന്ന ഇവര്‍ രാവിലെ തൃശൂര്‍ പുതുക്കാട്ടുനിന്നും 10,000 രൂപ എത്തിച്ച് ഗൂഢല്ലൂര്‍ പൊലീസിന് കൈക്കൂലി നല്‍കിയാണ് രക്ഷപ്പെട്ടത്. ഇവരെ പിന്നീട് മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ എം.പി മോഹനചന്ദ്രന്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് പിടികൂടി തമിഴ്‌നാട് പൊലീസിനു കൈമാറിയത്.

എടവണ്ണ, വാഴക്കാട് സ്വദേശികളില്‍ നിന്നും എന്‍ഡവര്‍, ഇന്നോവ അടക്കം മൂന്നു കാറുകള്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് വാടകക്കെടുത്താണ് ഓപ്പറേഷന്‍ നടത്തിയത്. വാഹനങ്ങള്‍ തിരികെ കിട്ടാഞ്ഞപ്പോള്‍ ഉടമ പൊലീസിനു നല്‍കിയ പരാതിയാണ് ക്വട്ടേഷന്‍ സംഘത്തെ കുടുക്കാന്‍ വഴിയൊരുക്കിയത്.

കേരളത്തില്‍ നിന്നും വാഹനവും ക്വട്ടേഷന്‍ സംഘത്തെയും ഏര്‍പ്പെടുത്തി കവര്‍ച്ചയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം ജയലളിതയുടെ സ്വത്തുക്കളുടെ രേഖകള്‍ കടത്തിയത് ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഓപ്പറേഷനെപറ്റി പൂര്‍ണ്ണ വിവരമുണ്ടായിരുന്ന ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ് സേലത്തുനിന്നും 75 കിലോ മീറ്റര്‍ അകലെ ആത്തൂരില്‍ കാറിടിച്ചാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ രണ്ടു പേര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ്. ഇവര്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന സയനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. സയന്റെ ഭാര്യ വിനു പ്രിയയും മകള്‍ നീതുവും കൊല്ലപ്പെട്ടു സയന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വിനു പ്രിയയുടെയും മകളുടെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട് ഇതില്‍ അസ്വഭാവികത ഇല്ലെന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.സയനെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് കേരള പൊലീസ് നല്‍കുന്ന സൂചന. ഇതിനായി കേരള പൊലീസ് സംഘം കോയമ്പത്തൂരില്‍ തമ്പടിച്ചിരിക്കുകയാണ്.

unnamed (5)

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നീലഗിരി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 23ന് എഐഎഡിഎംകെയുടെ കൊടിവെച്ച ഒരു എസ്‌യുവി ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് കോട്ടാഗിരിയില്‍ കിടന്നിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസുകാരുമായി ഡ്രൈവര്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം ചെന്നൈയില്‍ നിന്നുള്ളതാണെന്നും കണ്ടെത്തി. ഈ വാഹനത്തിലുണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്.

1992ലാണ് ജയലളിത കോടനാട് എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയില്‍ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാടെത്തി വിശ്രമിക്കാറുണ്ടായിരുന്നു.

മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാല്‍ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു.

ശതകോടികള്‍ വിലവരുന്നതാണ് കോടനാട് എസ്‌റ്റേറ്റും സ്വത്തുക്കളും. ഇവ കൈവശപ്പെടുത്താനാണ് മോഷണ ശ്രമവും കൊലപാതകവും അടക്കമുള്ളവ അരങ്ങേറിയതെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നുമുള്ള കേരള പൊലീസു നല്‍കിയ വിവരത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ് തമിഴ്‌നാട് പൊലീസ്. ഒരു ദിവസം മുഴുവന്‍ ക്വട്ടേഷന്‍ ടീമംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് കേരള പൊലീസിന് വ്യക്തമായിരുന്നു. തമിഴ്‌നാട് പൊലീസ് ഇക്കാര്യത്തില്‍ അന്വോഷണം നടത്തിയാലും ഇല്ലെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുള്ള സയനെ കസ്റ്റഡിയിലെടുത്ത് രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നുള്ള വാശിയിലാണ് കേരള പൊലീസ്.

ഇതിനിടെ ശശികലയും ഭര്‍ത്താവും അടക്കമുള്ള മന്നാര്‍ഗുഡി മാഫിയയാണോ കോടനാട് സംഭവത്തിനു പിന്നിലുള്ളതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും രംഗത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ട് : എം.പി വിനോദ്

Top