Hanumansena send activists to Ayodhya Temple

കോഴിക്കോട് : ശ്രീരാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്ന് ഹനുമാന്‍സേന പ്രവര്‍ത്തകരെ അയക്കുന്നു.

ആയിരം പ്രവര്‍ത്തകരെ അയോദ്ധ്യയിലേക്ക് അയക്കാന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനിച്ചത്. പ്രവര്‍ത്തകരെ അയക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം കാത്തിരിക്കുകയാണെന്ന് ഹനുമാന്‍സേന സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലനും ജനറല്‍ സെക്രട്ടറി സി.വിനോദും അറിയിച്ചു.

1992-ല്‍ ബാബറി മസ്ജിദ് പൊളിച്ചിടത്ത് വി.എച്ച്.പി നേതൃത്വത്തില്‍ രാമക്ഷേത്രത്തിന് ഒരുക്കം നടത്തുന്നതിന്റെ ഭാഗമായി രണ്ട് ട്രക്ക് കല്ല് അയോദ്ധ്യയിലെത്തിച്ച് കഴിഞ്ഞ ദിവസം പൂജ നടത്തിയിരുന്നു. രാജ്യത്ത് ഏറെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ ആദ്യ കര്‍സേവയുടെ തുടര്‍ച്ചയായി നടത്താന്‍ ഒരുങ്ങുന്ന രണ്ടാംഘട്ട കര്‍സേവയില്‍ തീവ്ര ഹിന്ദു സംഘടനയായ ഹനുമാന്‍സേനയും പങ്കാളിയാവുകയാണ്.

വി.എച്ച്.പി യുടെ ഉടമസ്ഥതയിലുള്ള രാമസേവകപുരത്താണ് കല്ലുകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്.

രാമജന്മഭൂമി ന്യൂസ് അദ്ധ്യക്ഷന്‍ നൃത്യഗോപാല്‍ ദാസിന്റെ കാര്‍മ്മികത്വത്തില്‍ ശിലാപൂജ നടത്തിയത് വി.എച്ച്.പി വക്താവ് ശരദ് ശര്‍മ്മ നേരത്തെ തന്നെ സ്ഥിതീകരിച്ചിരുന്നു.

ക്ഷേത്ര നിര്‍മ്മാണത്തിന് സമയമിതാണെന്ന ‘സൂചന’ മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചെന്ന് നൃത്യഗോപാല്‍ ദാസ് പ്രതികരിച്ചത് പാര്‍ലമെന്റിലും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരുക്കം തുടങ്ങാന്‍ ജൂണിലാണ് വി.എച്ച്.പി ആഹ്വാനം ചെയ്തിരുന്നത്. കല്ലുകള്‍ രാജ്യവ്യാപകമായി ശേഖരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

2.25 ലക്ഷം ക്യുബിക് അടി കല്ലാണ് വേണ്ടത്. 1.25 ലക്ഷം ക്യൂബിക് അടി ഇതിനകം സംഭരിച്ചു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ക്ഷേത്ര നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ നോക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫൈസാബാദ് എസ്.പി മോഹിത് ഗുപ്ത വ്യക്തമാക്കി.

സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയുമെല്ലാം വിവാദഭൂമിയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Top