ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വേണം; യോഗി ആദിത്യനാഥിനെതിരെ പടപ്പുറപ്പാട്!

ലഖ്‌നൗ:ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല്‍ സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കി. ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണിത്. യു പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പുതിയ പാര്‍ട്ടിയാണ് പി എസ് പി എല്‍.

ഒരാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന്‌ പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരാധന മൂര്‍ത്തിയായ ഹനുമാനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്, അതുകൊണ്ട് അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.

ഹനുമാന്‍ ദളിതനാണെങ്കില്‍ എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളും തങ്ങളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലികാണ്‍പൂര്‍ ഹൈവേയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ദളിതര്‍ കഴിഞ്ഞ മാസം മാര്‍ച്ച് നടത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top