ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്സ് പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ വനിത എത്തുന്നു

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷെയര്‍ ആസ്ഥാനമായുള്ള ഫുട്ബോള്‍ ക്ലബ്ബായ ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്സ് ടീമിനെ പരിശീലിപ്പിക്കാന്‍ വനിത എത്തുന്നു. ഹന്നാ ഡിംഗ്ലെയാണ് ചരിത്രത്തിലാദ്യമായി പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന വനിത. ടീമിന്റെ കെയര്‍ടേക്കര്‍ മാനേജരായിട്ടാണ് ഹന്നയുടെ നിമയനം. നാല് വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ ക്ലബ്ബിന്റെ അക്കാഡമി മാനേജരായി ഹന്ന പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവിലെ മികവും പരിചയുമാണ് ഹന്നയെ പരിശീലക തലപ്പത്തേത്ത് എത്തിച്ചത്.

2019ലാണ് ഹന്ന ക്ലബ്ബില്‍ ചേര്‍ന്നത്. യുവേഫയുടെ പ്രോ കോച്ചിങ് ലൈസന്‍സും ഹന്നക്കുണ്ട്. ഇംഗ്ലണ്ടിലെത്തന്നെ ബര്‍ട്ടണ്‍ അല്‍ബിയന്‍ എഫ്.സിയുടെ ഭാഗമായും ഹന്ന പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന ടീമാണ് ഗ്രീന്‍ റോവേഴ്സ്. ഈ നിയമനത്തോടെ ഇംഗ്ലീഷ് ലീഗില്‍ പുരുഷ ടീമിനെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആദ്യ വനിതയാകാന്‍ ഹന്നക്കായി. അടുത്ത ബുധനാഴ്ച മെല്‍ക്ക്ഷാം ടൗണിനെതിരെയാണ് പരിശീലക വേഷത്തിലുള്ള ഹന്നയുടെ ആദ്യ മത്സരം. ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്സിനെ ഫുട്ബോളിന്റെ ലോക ഗവേണിംഗ് ബോഡിയായ ഫീഫയും ഐക്യരാഷ്ട്രസഭയും ലോകത്തിലെ ഏറ്റവും മികച്ച ഹരിത ഫുട്ബോള്‍ ക്ലബ്ബായി പ്രഖ്യാപിച്ചിട്ടുണ്ട് . 2015-ല്‍ ലോകത്തിലെ ആദ്യത്തെ വീഗന്‍ ഫുട്‌ബോള്‍ ക്ലബു എന്ന ബഹുമതിയും അവര്‍ നേടി അവരുടെ സ്റ്റേഡിയം ഏതാണ്ട് പൂര്‍ണ്ണമായും മരം കൊണ്ട് നിര്‍മ്മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്.

Top