തടാക കരയില്‍ ഉപേക്ഷിച്ച ബാഗില്‍ കൈപ്പത്തികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് റഷ്യ

hand

മോസ്‌കോ: സൈബീരിയയിലെ തടാക കരയില്‍ നിന്നും 54 കൈപ്പത്തികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖബാരോസ്‌കിലെ അമൂര്‍ നദിയുടെ തീരത്തു നിന്നാണ് മുറിച്ചു മാറ്റിയ കൈപ്പത്തികള്‍ ഒരു ബാഗില്‍ കണ്ടെത്തിയത്. തടാക കരയില്‍ നിന്നും മത്സ്യത്തൊഴിലാളിയാണ് ആദ്യം ഇത് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തി കണ്ടതുകൊണ്ടാണ് ഇയാള്‍ ബാഗ് തുറന്ന് നോക്കിയത്.

മരം കൊണ്ട് കൊത്തിയെടുത്ത ശില്‍പം ആയിരിക്കുമെന്നാണ് ഇയാള്‍ ആദ്യം കരുതിയത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോഴാണ് മരത്തിനെ കൊണ്ട് നിര്‍മ്മിച്ചതെല്ലെന്നും, എല്ലാം മൃതദേഹങ്ങളില്‍ നിന്നും വെട്ടിമാറ്റിയതാണെന്നും മനസിലായത്.

ചിലപ്പോള്‍ കൂട്ടക്കൊലപാതകത്തിന് ശേഷം കൈപ്പത്തികള്‍ വെട്ടിമാറ്റിയതായിരിക്കാമെന്നാണ് നിഗമനം. അതേസമയം, റഷ്യന്‍ അന്വേഷണ വിഭാഗം ഈ ആരോപണത്തെ നിഷേധിച്ചു. ഖബാറോസ്‌കിലെ ഏതെങ്കിലും ഫോറന്‍സിക് പരിശോധനാ ലാബില്‍ നിന്ന് ഉപേക്ഷിച്ചതാകാം ഈ ബാഗ് എന്നാണ് റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ വിഭാഗം വ്യക്തമാക്കിയത്. ഇത്തരത്തില്‍ അവയവങ്ങള്‍ ഉപേക്ഷിക്കുന്നത് നിയമപരമല്ലെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ എന്തിന് വേണ്ടിയാണ് മൃതദേഹത്തില്‍ നിന്നും കൈപ്പത്തികള്‍ മാത്രം വെട്ടി മാറ്റിയതെന്ന് വ്യക്തമല്ലെന്നും അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളില്‍ നിന്നും കൈപ്പത്തി വെട്ടിമാറ്റാറുണ്ടെന്നും സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് മൃതദേഹം അടക്കം ചെയ്താലും വിരലടയാളത്തിന്റെ സഹായത്തോടെ ആളെ തിരിച്ചറിയാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഈ വാദത്തെ ഖണ്ഡിക്കുന്ന പ്രതികരണമാണ് മോസ്‌കോയില്‍ ഇപ്പോള്‍ ഉയരുന്നത്. സാധാരണ ഫിംഗര്‍ പ്രിന്റ് ഡിജിറ്റലായിട്ടാണ് സൂക്ഷിക്കാറുളളത്. അല്ലാതെ കൈ മുഴുവനായി സൂക്ഷിച്ച് വെക്കാറില്ലെന്നുമാണ് ജനങ്ങളില്‍ നിന്നുയരുന്ന വാദം. കൈപ്പത്തികള്‍ക്ക് അരികില്‍ നിന്നും മെഡിക്കല്‍ ബാന്റേജുകളും പ്ലാസ്റ്റ്ക് കവറുകളും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top