ഓണ വിപണിയില്‍ താരമായി കൈത്തറി

ണവസ്ത്രങ്ങളുടെ വിപണിയില്‍ ഇത്തവണ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. കെത്തറിയില്‍ കേരളത്തിനു പേരും പെരുമയും നല്‍കിയ ചേന്ദമംഗലവും ബാലരാമപുരവും കുത്താമ്പുള്ളിയും മറ്റും പതിവു പോലെ ഇക്കുറിയും വിപണിയില്‍ പുതുനിര ഉടയാടകളുമായി സജീവം.

ഹാന്‍ടെക്‌സ്, ഹാന്‍വീവ് ഷോറൂമുകളിലും ഓണം വിപണന മേളകളിലും കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 -40 ശതമാനം കിഴിവോടെയാണു വില്‍പന. ഡബിള്‍ മുണ്ടുകളും കസവു സാരികളും തന്നെയാണു താരങ്ങള്‍. പ്രീമിയം ഡബിള്‍ മുണ്ട്, ഒറ്റമുണ്ട്, പ്രീമിയം സാരികള്‍, ടിഷ്യു വര്‍ക് സാരികള്‍, സെറ്റ് മുണ്ടുകള്‍ തുടങ്ങിയവയും ധാരാളം. 4,000 രൂപ മുതല്‍ 14,000 രൂപ വരെയുള്ള ടിഷ്യു സാരികളും പ്രത്യേക ഡിസൈനില്‍ തീര്‍ത്ത കുത്താമ്പുള്ളി സാരികളും ലഭിക്കും. പുതു തലമുറയെ ആകര്‍ഷിക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ടുകളും ഇഷ്ടം പോലെ.

കോ ഓപ്‌ടെക്‌സ് ഷോറൂമുകളില്‍ പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ വന്‍ ശേഖരമാണ് ഓണത്തിനായി എത്തിയിട്ടുള്ളത്. കാഞ്ചീപുരം പട്ട്, സോഫ്റ്റ് സില്‍ക്, പ്രിന്റഡ് സില്‍ക് തുടങ്ങിയവയും കേരള സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തികള്‍ എന്നിവയും ലഭിക്കും. 30 ശതമാനം വിലക്കിഴിവുമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി, കരകൗശല വിദഗ്ധര്‍ തയാറാക്കിയ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണു കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഖാദി ഗ്രാമോദ്യോഗ് ഭവനിലെ ഓണ വിഭവങ്ങള്‍. സില്‍ക് സാരികള്‍, കുര്‍ത്തകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ദോത്തികള്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും. 30 % വരെ വിലക്കിഴിവിന്റെ ആനുകൂല്യത്തോടെ ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനയും സജീവമാണ്.

2,500 രൂപ മുതല്‍ 14,000 രൂപ വരെ വിലയുള്ള സാരികളും 500 മുതല്‍ 2,400 രൂപ വരെ വില വരുന്ന സ്പണ്‍, ടസര്‍ സില്‍ക് ഷര്‍ട്ടിങ്ങുകളുമുണ്ട്. കോട്ടണ്‍ ഷര്‍ട്ടിങ്ങിന് 200 രൂപ മുതല്‍ 1,500 രൂപ വരെയാണ്.വില. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്ക് 500 മുതല്‍ 1,500 രൂപ വരെയും മുണ്ടുകള്‍ക്ക് 690 മുതല്‍ 2,465 രൂപ വരെയുമാണു വില. സില്‍ക് ചുരിദാറിന് 3,500- 4,750 രൂപ വരെയാണു വില; കോട്ടണ്‍ സാരികള്‍ക്ക് 1,800 രൂപ വരെയും.

Top