സന്യാസിമാരുടെ കൊലപാതകം; ശിവസേന നേതാവിന് മറുപടിയുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: നിങ്ങള്‍ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാല്‍ മതി, ഉത്തര്‍പ്രദേശിനെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാരെ അമ്പലത്തിനുള്ളില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഞ്ജയ് റാവത്തിന് മറുപടി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന് മറുപടി നല്‍കിയത്.

പല്‍ഘറില്‍ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ആശങ്കയെ നിങ്ങളെന്തിനാണ് രാഷ്ട്രീയവത്കരണമായി പറയുന്നത് ഇത്തരം ആശയപരമായ വീക്ഷണങ്ങളെ കുറിച്ച് എന്താണ് പറയേണ്ടതെന്നും യോഗി ചോദിച്ചു. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ മാറിയ രാഷ്ട്രീയ നിറങ്ങളുടെ പ്രതിഫലനമാണ്. യുപിയില്‍ നിയമവാഴ്ചയുണ്ട്, നിയമം ലംഘിക്കുന്നവരുടെ കാര്യത്തില്‍ ഇത് കര്‍ശനമായി ഇടപെടുമെന്നും യോഗി പറഞ്ഞു.

ബുലന്ദ്ശഹര്‍ കൊലപാതകത്തില്‍ പെട്ടെന്നാണ് നടപടിയെടുത്തത്. കുറ്റവാളികള്‍ മണിക്കൂറുകള്‍ക്കകം പിടിക്കപ്പെടുകയും ചെയ്തുവെന്ന് യോഗി കൂട്ടിച്ചേര്‍ത്തു. പാല്‍ഘറില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയി അവയവക്കടത്ത് നടത്തുന്നവരെന്ന് സംശയിച്ച് ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയത്.

Top