അംഗപരിമിതി ഉള്ളവർക്കും ഐ.പി.എസ്, ഇടക്കാല ഉത്തരവ് നൽകി സുപ്രീംകോടതി !

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ്, എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ താല്‍കാലികമായി അപേക്ഷിക്കാന്‍, സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

വികലാംഗരെ ഈ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് വികലാംഗരുടെ അവകാശങ്ങള്‍ക്കായുള്ള ഒരു സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദാതാര്‍ , ഹര്‍ജിക്കാര്‍ക്കും സമാനമായി നിയമിക്കപ്പെട്ട വ്യക്തികള്‍ക്കും അടുത്ത ആഴ്ച വരെ യുപിഎസ്സി സെക്രട്ടറി ജനറലിന് അപേക്ഷാ ഫോറം സമര്‍പ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവാണ് ആവശ്യപ്പെട്ടിരുന്നത് , അവരുടെ ക്ലെയിം അന്തിമഫലത്തിന് വിധേയമായി പരിഗണിക്കാമെന്നും, അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ദിവസമായിരുന്നുവെന്നും അദ്ദേഹം കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. വ്യക്തിത്വ പരിശോധന ഏപ്രില്‍ അഞ്ച് മുതല്‍ ആരംഭിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. അപേക്ഷ നല്‍കുന്നതിനുള്ള ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും എതിര്‍ക്കുകയുണ്ടായില്ല. തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്.

 

ഹര്‍ജിക്കാര്യം സമാനമായ ഹര്‍ജിക്കാരും ഏപ്രില്‍ ഒന്നിന് നേരിട്ടോ കൊറിയര്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വൈകിട്ട് നാലിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്ന് നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ഡിവിഷന്‍ ബെഞ്ചിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.ഇതേ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഉത്തരവായി ഈ നിര്‍ദ്ദേശത്തെ കാണേണ്ടതില്ലന്ന പരാമര്‍ശവും കോടതി നടത്തുകയുണ്ടായി.വിഷയം അടുത്ത ഏപ്രില്‍ 18-ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

 

Top