ത്രിപുര നിയമസഭയില്‍ കയ്യാങ്കളി; അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അശ്ശീല വീഡിയോ കണ്ട ബിജെപി എംഎല്‍എ ജദാബ് ലാല്‍ നാഥിനെതിരെ നടപടിയാവശ്യപ്പെട്ട പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ പ്രശ്‌നം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ 5 പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.

 

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം നടന്ന സമയത്താണ് സഭയ്ക്കുള്ളിലിരുന്ന് ബിജെപി എംഎല്‍എ ജദാബ് ലാല്‍ നാഥ് അശ്ശീല വീഡിയോ കണ്ടത്.ജദാബ് ലാലിനെതിരെ ഇതുവരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം വിഷയമുയര്‍ത്തിയത്.തിപ്ര മോത, കോണ്‍ഗ്രസ്, സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിയമസഭ സമ്മേളനം പ്രക്ഷുബ്ധമായി.പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ ബിശ്വബന്ധു സെന്റെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി, ജദാബ് ലാലിനെതിരെ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയത്തോടെ പ്രശ്‌നം കലുഷിതമായി. ബിജെപി- തിപ്ര മോത എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടി.

 

അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി ധനമന്ത്രി പ്രണജിത് സിംഗ് റോയിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു.മുഖ്യമന്ത്രി മണിക് സാഹയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പീക്കര്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മന്‍,തിപ്ര മോത എംഎല്‍എ ബിര്‍ഷകേതു ദേബ്ബര്‍മ, രഞ്ജിത് ദേബ്ബര്‍മ, നന്ദിത റേങ്, സിപിഐഎം എംഎല്‍എ നയന്‍ സര്‍ക്കാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു

Top