വാഹനാപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.

നട്ടെല്ലിന് പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങും വഴിയാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

ഒരാള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ഒഴിവാക്കാനാണ് ഡ്രൈവര്‍ കാര്‍ വെട്ടിച്ചത്. എന്നാല്‍ വാഹനം വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഹനാന്റെ നട്ടെല്ലിന്നാണ് പരുക്കേറ്റത്. ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Top