ചാരക്കേസില്‍ ആറ് വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ജയില്‍ മോചിതനായി

മുംബൈ : പാക്കിസ്ഥാന്‍ ജയിലില്‍ ചാരക്കേസില്‍പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ ജയില്‍ മോചിതനായി. 33 കാരനായ എഞ്ചിനിയര്‍ ഹമീദ് നെഹാല്‍ അന്‍സാരിയാണ് കഴിഞ്ഞ ആറ് വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. അന്‍സാരിയുടെ കുടുംബവും ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.

ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2012 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോയ അന്‍സാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു.

അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെത്തിയെന്നും ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരിയെ പാക്കിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്. 2012 നവംബര്‍ 12 നായിരുന്നു സംഭവം. സൈനിക കോടതി അന്‍സാരിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അവസാനിച്ചിട്ടും അന്‍സാരിയെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നില്ല.

എന്നാല്‍ അപ്രതീക്ഷിതമായി ചൊവ്വാഴ്ച അന്‍സാരിയെ മോചിപ്പിക്കുന്നുവെന്ന് വ്യക്താക്കുന്ന സന്ദേശം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ലഭിക്കുകയായിരുന്നു.

Top