ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച് ഹമീദ് അന്‍സാരി

ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു വിമര്‍ശനം.

ഉയര്‍ന്നു വരുന്ന ഹിന്ദു ദേശീയതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൗര ദേശീയതയുടെ സുസ്ഥിരത്വത്തെ തകര്‍ക്കുന്ന ഒരു സ്ഥിതി സമീപവര്‍ഷങ്ങളില്‍ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ശ്രമം നടക്കുന്നു. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും,അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

അന്‍സാരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. ന്യൂനപക്ഷ വോട്ടുകള്‍ ചൂഷണം ചെയ്തിരുന്ന ആളുകള്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ക്രിയാത്മക അന്തരീക്ഷത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

Top