വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള നിര്‍ദേശം ഇസ്രായേല്‍ നിരസിച്ചതായി ഹമാസ്

ഗസ്സ: വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍ നിരസിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ബന്ദികളായ ഏഴ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിര്‍ദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ഹമാസ് ആവശ്യം. എന്നാല്‍, ഇസ്രായേല്‍ ഇതിന് വിസമ്മതിച്ചതായി ഹമാസ് പറഞ്ഞു.

കരാര്‍ പ്രകാരം നിശ്ചയിച്ച വിഭാഗത്തിലെ തടവുകാരില്‍ ഇവര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മധ്യസ്ഥര്‍ മുഖേന സ്ഥിരീകരിച്ചിട്ടും ഇസ്രായേല്‍ വഴങ്ങിയില്ലെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി പ്രാദേശിക സമയം രാവിലെ 7 മണിക്ക് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കും.

കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ഇസ്രായേലുമായും ഹമാസുമായും മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തില്‍ ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആറുദിവസ താല്‍ക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ അവസാനിക്കാനിരിക്കെ വെടിനിര്‍ത്തല്‍ നാലുദിവസം കൂടി നീട്ടണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞായറാഴ്ചക്കപ്പുറം വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇസ്രായേല്‍ നിലപാട്.മൊത്തം 60 ഇസ്രായേലി ബന്ദികള്‍ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും ഒരു റഷ്യന്‍ പൗരനെയും ഹമാസ് മോചിപ്പിച്ചു.ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രായേലി സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

Top