ഗസ്സ: ഫലസ്തീനില്‍ വെള്ളിയാഴ്ച ഐക്യദാര്‍ഢ്യദിനം പ്രഖ്യാപിച്ച് ഹമാസ്. പുതിയ പോരാട്ടങ്ങള്‍ക്ക് അറബ്-മുസ്ലിം ലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമുള്ള ഫലസ്തീന്‍ പോരാട്ടത്തിനു പിന്നില്‍ അണിനിരക്കാന്‍ ലോകജനതയോട് ഹമാസ് ആഹ്വാനം ചെയ്തു. അതിനിടെ, ഗസ്സയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ നീക്കത്തെ യു.എന്‍ അപലപിച്ചു.
പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി ലോക സമ്പദ്ഘടനയെ തകിടം മറിക്കുമെന്ന് ഫ്രഞ്ച് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഫലസ്തീനു സഹായം നിര്‍ത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് യൂറോപ്യന്‍ യൂനിയനോട് സ്‌പെയിന്‍ വിദേശകാര്യ മന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേല്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.