ഹമാസിനെ ‘വെള്ളപൂശാൻ’ ശ്രമിച്ച നേതാക്കൾ എവിടെ ? കമാൻഡറുടെ നിലപാടിൽ അവർ ശരിക്കും പ്രതിരോധത്തിൽ !

ലോകത്തെയാകെ കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യമെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ അവരെ പിന്തുണച്ച രാജ്യങ്ങളും രാഷ്ട്രീയ നേതാക്കളുമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഇതിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളും ഉൾപ്പെടും. പലസ്തീനോടുള്ള അനുഭാവം എന്ന നിലയ്ക്കാണ് കേരളത്തിലും ഒരു വിഭാഗം ഹമാസിനെ പരിധിവിട്ട് ന്യായീകരിച്ചിരുന്നത്. എന്നാൽ ഹമാസ് കമാൻഡറുടെ പുതിയപ്രഖ്യാപനം പുറത്തു വന്നതോടെ തലയിൽ മുണ്ടിട്ട് ഓടേണ്ട അവസ്ഥയിലാണ് ഈ വിഭാഗമുള്ളത്. ഇവർക്കെതിരെ സൈബർ ഇടങ്ങളിലും പ്രതിഷേധം ശക്തമാണ്. ഐ.എസ് – താലിബാൻ ഭീകരർമാർ പോലും പറയാത്ത കാര്യങ്ങളും ചെയ്യാത്ത പ്രവർത്തിയുമാണ് ഹമാസിന്റെ ഭാഗത്തു നിന്നും നിലവിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്.

“തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നത് ഹമാസ് കമാൻഡറായ മഹ്മൂദ് അൽസഹറാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽസഹർ വ്യക്തമാക്കിയതെന്നതും പ്രഖ്യാപനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. “ഇസ്രയേൽ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിൽ കൊണ്ടു വരിക എന്നതാണ് ആത്യന്തികമായ ലക്ഷ്യ”മെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ ഹമാസിനെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ സൈനിക നടപടി പൂർത്തിയാകുന്നതോടെ ഹമാസിന്റെ അന്ത്യവും പൂർണ്ണമാകുമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. മുറിവേറ്റ മനസ്സുമായി ഗാസയിൽ പ്രവേശിക്കുന്ന ഇസ്രയേൽ സൈന്യം അവിടെ എന്തൊക്കെ അവശേഷിപ്പിക്കും എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ സാക്ഷാൽ അമേരിക്കയ്ക്കു പോലും ഇസ്രയേലിനെ പിറകോട്ടടുപ്പിക്കാൻ കഴിയുകയില്ല. അമേരിക്കൻ പൗരൻമാർ ഉൾപ്പെടെ ഹമാസിന്റെ ഇരകളായതിനാൽ ഹമാസ് മുക്ത ലോകമാണ് അമേരിക്കയും ഇപ്പോൾ ആഗ്രഹിക്കുന്നത്.

പലസ്തീനികളായ പാവങ്ങൾക്കെതിരെ ആക്രമണം അരുതെന്ന നിലപാട് ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഹമാസ് കമാൻഡറുടെ പുതിയ പ്രഖ്യാപനം വന്നതോടെ ഗാസയിലെ സൈനിക നടപടിയെ എതിർക്കാൻ പറ്റാത്ത സാഹചര്യമാണ് ഈ രാജ്യങ്ങൾക്കെല്ലാം ഉള്ളത്. ഹമാസ് ഐ എസ് ഭീകരരേക്കാൾ മോശമാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു തുറന്നടിച്ചിരിക്കുന്നത്. ഐ എസിനെ തകർത്തെറിഞ്ഞതുപോലെ തന്നെ ഹമാസിനെയും തുടച്ചുനീക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

വ്യോമാക്രമണത്തിൽ ഇപ്പോൾത്തന്നെ തകർന്നടിഞ്ഞ ഗാസ ഇസ്രയേലിന്റെ കരയുദ്ധം കഴിയുന്നതോടെ ശവപ്പറമ്പായി മാറാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഹമാസിന് മാത്രം അവകാശപ്പെട്ടതാണ്. ഇസ്രയേൽ – പലസ്തീൻ പ്രശ്നം ഒരിക്കലും തോക്കിൻ മുനയിലൂടെ തീർക്കാൻ സാധിക്കുകയില്ല. ഇസ്രയേലിനെ ആക്രമിച്ച് തകർക്കാൻ ഹമാസിന് മാത്രമല്ല ഇറാൻ വിചാരിച്ചാൽ പോലും കഴിയുകയില്ല. ചർച്ചകളിലൂടെയാണ് പ്രശ്ന പരിഹാരമുണ്ടാകേണ്ടത്. അതിനാകട്ടെ ആത്മാർത്ഥമായ ശ്രമമാണ് ഉണ്ടാകേണ്ടത്.

ഇന്ത്യ ഉൾപ്പെടെ പലസ്തീനികൾക്കും ഇസ്രയേലിനും ഒരുപോലെ ബന്ധമുള്ള രാജ്യങ്ങളെ മധ്യസ്ഥരാക്കിയുള്ള ചർച്ചകൾക്കു മാത്രമേ എന്തെങ്കിലും തരത്തിലുള്ള അനുനയത്തിന് സാധ്യതയൊള്ളൂ. അപ്പോഴും നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഹമാസല്ല പലസ്തീൻ എന്നതാണ്. പലസ്തീന്റെ വിമോചനത്തിനായി പോരാടുന്നവരാണ് തങ്ങളെന്ന് ഹമാസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന പലസ്തീനികളും ഈ ഭീകര സംഘടനയെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

2007-ൽ ഹമാസ് ഭീകരർ ഗാസ മുനമ്പിൽ പിടിമുറുക്കിയതു മുതൽ വെസ്റ്റ് ബാങ്ക് ഉൾപ്പെടെ നിയന്ത്രണത്തിലുളള പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ ഹമാസിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അറബ് ലീഗിനും സമാന നിലപാടാണ് ഉള്ളത്. ഇറാനും ഖത്തറുമാണ് ഹമാസിനെ സഹായിക്കുന്ന പ്രധാന രാജ്യങ്ങൾ. അതിനാകട്ടെ ഭാവിയിൽ അവർ വലിയ വിലയും കൊടുക്കേണ്ടി വരും. ഐ.എസ് – താലിബാൻ നേതാക്കളുടെ മാത്രമല്ല ഹമാസ് നേതാക്കളുടെയും പ്രധാന സങ്കേതമാണ് ഖത്തർ. ഭീകരരെ ഒറ്റപ്പെടുത്തുന്ന നിലപാട് ഖത്തർ ഇനിയും സ്വീകരിച്ചില്ലങ്കിൽ ഇസ്രയേൽ മാത്രമല്ല അമേരിക്കയും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളും ഖത്തറിനെതിരെ തിരിയാൻ സാധ്യതയുണ്ട്.

നിലവിൽ സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെയും കണ്ണിലെ കരടാണ് ഖത്തർ ഈ രാജ്യങ്ങൾ മുൻപ് ഏർപ്പെടുത്തിയ ഉപരോധം ഖത്തറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായാണ് മാറിയിരുന്നത്. മാനുഷിക പരിഗണന മുൻനിർത്തി അവിടെയും ഖത്തറിന് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ പ്രധാനമായും ഖത്തറിന് കൈമാറിയിരുന്നത് ഇന്ത്യയും തുർക്കിയുമായിരുന്നു. ഉപരോധത്തിൽ നിന്നും പാഠം പഠിച്ച ഖത്തർ പിന്നീട് ആ ഉപരോധത്തെ അതിജീവിച്ചതും ഈ ലോകം കണ്ട യാഥാർത്ഥ്യമാണ്. ഖത്തറുമായി ഇപ്പോഴും നല്ല ബന്ധമുള്ള ഇന്ത്യയ്ക്ക് ഇനിയും ആ രാജ്യം ഹമാസിനെ സഹായിച്ചാൽ കടുത്ത നിലപാടിലേക്ക് മാറേണ്ടി വരും. നയതന്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്…

EXPRESS KERALA VIEW

Top