ഇത് 2018 ആണ്, നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാം സുരക്ഷിതർ അല്ല!

halsey

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ അതിക്രമങ്ങൾക്ക് എതിരായി പ്രക്ഷോഭങ്ങളും മീ ടൂ പോലെയുള്ള ക്യാമ്പയിനുമൊക്കെ ലോകത്തെങ്ങും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ലൈംഗീക ചൂക്ഷണങ്ങൾക്ക് എതിരായുള്ള കവിതയുമായി അമേരിക്കൻ ഗായികയായ ഹോൾസെ എത്തുന്നത്. ‘എ സ്റ്റോറി ലൈക് മൈൻ’ എന്ന കവിതയാണ് ഹോൾസെ രചിച്ചിരിക്കുന്നത്. ഈ ജനുവരിയിൽ ന്യൂ യോർക്ക് നഗരത്തിൽ നടന്ന സ്ത്രീകളുടെ മാർച്ചിലാണ്‌ ഹോൾസെ ഗാനം ആലപിച്ചത്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ആ കവിത ഏറ്റെടുക്കുകയാണ്.

ഏറെ തീവ്രമായ വാക്കുകളാൽ രചിച്ചിരിക്കുന്ന കവിതയിൽ, പറയുന്ന ഓരോ വാക്കുകളും ഇന്നത്തെ ഭീതിജനകമായ അവസ്ഥയുടെ നേർ കാഴ്ചകളാണ്. “എനിക്ക് പ്രസംഗങ്ങൾ ഒന്നും പറഞ്ഞു ശീലമില്ല. അതിനാൽ തന്നെ എന്റെ വരികളിലൂടെയാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്,” എന്നാണ് ആഷ്‌ലെ നിക്കോലെറ്റ് മാർച്ചിൽ പറഞ്ഞത്. ശേഷം അതി തീവ്രമായ ആ വരികളും ആലപിച്ചു. കുട്ടി ആയിരിക്കുമ്പോൾ ലൈംഗീകമായി ചൂക്ഷണം ചെയ്യപ്പെട്ടതും, തന്റെ പ്രീയപ്പെട്ട സുഹൃത്ത് പീഡിപ്പിക്കപ്പെട്ടതും ഒക്കെയാണ് കവിതയുടെ തന്തു.

അത് 2009 ആയിരുന്നു എന്നും, എനിക്ക് 14 വയസ്സ്, ഞാൻ കരയുകയായിരുന്നു എന്നാണ് കവിത തുടങ്ങുന്നത്. താൻ അനുഭവിച്ച പീഡനങ്ങളും തുടർന്ന് ജീവിതം ഇന്ന് എത്തി നിൽക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയതും ഒക്കെ ഹോൾസെ കവിതയിൽ പറയുന്നുണ്ട്. കണ്ണുകൾ നിറയാതെ ആ കവിത കേൾക്കാൻ കഴിയില്ല. അത്ര പ്രസക്തമായ വരികളും വസ്തുതകളുമാണ് അവർ നമുക്ക് മുന്നിൽ നിരത്തുന്നത്. കവിത അവസാനിക്കുമ്പോൾ ഹോൾസെ മറ്റൊരു കാര്യം കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങൾ സ്ത്രീകൾ തീർച്ചയായും പുറത്തു പറയണം എന്നും പ്രതികരിക്കണം എന്നും. ഹോൾസെയുടെ വാക്കുകളിലെ ഏറ്റവും പ്രസക്തമായ വരിയാണ് “ഇത് 2018 ആണ്, ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു, നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാം സുരക്ഷിതർ അല്ല.”

Top