ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം; ചട്ടം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

gold rate

ന്യൂഡല്‍ഹി: 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. സ്വര്‍ണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനാണ് ബി.ഐ.എസ്. ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്.

എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സില്‍ (ബി.ഐ.എസ്.) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ ചട്ടം ലംഘിച്ചാല്‍ കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്നതാണ്.

ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകളാണ് ബി.ഐ.എസ്. രൂപപ്പെടുത്തിയിരിക്കുന്നത്. ചില്ലറ കച്ചവടക്കാര്‍ മൂന്നു വിഭാഗത്തിലുള്ള സ്വര്‍ണാഭരണങ്ങളുടെയും വില പ്രദര്‍ശിപ്പിക്കണമെന്നും ഭാവിയില്‍ ഇത് നിര്‍ബന്ധമാക്കുമെന്നും പാസ്വാന്‍ പറഞ്ഞു.

Top