അര്‍ദ്ധ സെഞ്ച്വറി;പ്രകടനത്തിന് പിന്നില്‍ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍:ദേവ്ദത്ത് പടിക്കല്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍. 60 റണ്‍സുമായി ആദ്യ മത്സരത്തില്‍ തന്നെ പടിക്കല്‍ അര്‍ദ്ധ സെഞ്ച്വറി നേടി. നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനൊപ്പം 97 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്താനും കര്‍ണാടകയുടെ മലയാളി താരത്തിന് കഴിഞ്ഞു. സിക്‌സ് നേടിയാണ് താരം അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നാലെ തന്റെ പ്രകടനത്തിന് പിന്നില്‍ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളെന്ന് പറയുകയാണ് ദേവ്ദത്ത് പടിക്കല്‍.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 473 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയ്ക്കിപ്പോള്‍ 255 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണുള്ളത്. മൂന്ന് ദിവസം ബാക്കി നില്‍ക്കെ മത്സരത്തിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

മത്സരത്തില്‍ ആദ്യ 10 മുതല്‍ 15 ഓവര്‍ വരെ ഒരു സമ്മര്‍ദ്ദം ഉണ്ടാവും. അത് ആസ്വദിക്കുക. രാഹുല്‍ സാറിന്റെ ഈ വാക്കുകള്‍ തനിക്ക് ഏറെ ആശ്വാസമായി. താനും സര്‍ഫറാസും നന്നായി കളിച്ചു. തനിക്കിനി മറ്റൊരു ലക്ഷ്യമുണ്ട്. ഇന്ത്യയുടെ നീല ജഴ്‌സിയിലേക്ക് മടങ്ങിയെത്തുക. അതിനായി കുറച്ച് അവസരങ്ങള്‍ മാത്രമെയുള്ളു. അതില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് തന്റെ ദൗത്യമെന്നും പടിക്കല്‍ വ്യക്തമാക്കി.

Top