Half-brother of Kim Jong-un ‘killed’ in Malaysia

സോള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാം (45) മലേഷ്യയില്‍ കൊലപ്പെട്ടതായി ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്വാലലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. കൃത്യത്തിനുശേഷം രണ്ടു യുവതികളും ടാക്‌സിയില്‍ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയന്‍ ടിവി പറയുന്നു.

എന്നാല്‍, നാമിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് മലേഷ്യന്‍ പൊലീസ് വ്യക്തമാക്കിയത്.

പിതാവിന്റെ മരണശേഷം നാമിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് ഉന്‍ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്. നാമുമായി അടുപ്പത്തിലായിരുന്ന അമ്മാവന്‍ ചാങ് സോങ് തേയിയെ 2013 ഡിസംബറില്‍ കിം ജോങ് ഉന്‍ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചു.

ഉത്തര കൊറിയന്‍ ഭരണകൂടവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവില്‍ പ്രവാസത്തിലായിരുന്നു. രാജ്യാന്തര ഉപരോധം അവഗണിച്ച് ആണവായുധ-മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയില്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും വധശിക്ഷയ്ക്കു വിധിക്കുന്നതു പതിവാണ്.

Top