ജറുസലേം പ്രമേയ വോട്ടെടുപ്പ്: യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ജറൂസലം പ്രമേയ വോട്ടെടുപ്പില്‍ യുഎന്‍ ജനറല്‍ അസംബ്ലിക്ക് അമേരിക്കയുടെ ഭീഷണിക്കത്ത്. തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നവര്‍ പിന്മാറണം, വോട്ടെടുപ്പ് യു.എസ് പ്രസിഡന്റ് ട്രംപ് ശ്രദ്ധയോടെ വീക്ഷിക്കും’- ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ പറഞ്ഞു.വ്യാഴാഴ്ച ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 14 അംഗരാജ്യങ്ങള്‍ അനുകൂലിക്കുകയും അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്തിരുന്നു. പ്രമേയം പാസായില്ലെങ്കിലും, അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളും തീരുമാനത്തിന് എതിരാണെന്ന് വ്യക്തമാക്കാന്‍ ഇതിലൂടെ സാധ്യമായി.

ഡിസംബര്‍ 6 നാണ് ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് വിവാദ പ്രഖ്യാപനം നടത്തിയത്. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് നീക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

‘നിങ്ങള്‍ അറിയുന്നതു പോലെ, ജറൂസലമിന്റെ കാര്യത്തില്‍ ഈയിടെ പ്രസിഡന്റ് ട്രംപ് എടുത്ത തീരുമാനത്തെ സംബന്ധിച്ച് ജനറല്‍ അസംബ്ലി ഒരു പ്രമേയം പരിഗണിക്കുന്നുണ്ട്. നിങ്ങളുടെ വോട്ട് പരിഗണിക്കുന്നതു പോലെ, ഈ വോട്ട് യു.എസും പ്രസിഡന്റും വ്യക്തിപരമായി എടുക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു’- ജനറല്‍ അസംബ്ലി അംഗങ്ങള്‍ക്കയച്ച കത്തില്‍ നിക്കി ഹാലെ പറയുന്നു.

22 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാവണമെന്ന് യു.എസ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചതിലൂടെ ട്രംപ് തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നും ഹാലെ വ്യക്തമാക്കി.

Top