ഹലാല്‍ വിവാദം; കെ സുരേന്ദ്രനെതിരെ പരാതി നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയെന്ന പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ അനില്‍ കുമാര്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ശ്രമങ്ങളാണ് സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വം സൃഷ്ടിച്ച കഥയാണ് ഹലാല്‍ വിവാദം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സമുാദയങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് ശ്രമം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പരിപാടിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു കെ സുരേന്ദ്രന്‍ പാലക്കാടും കോഴിക്കോടും സംസാരിച്ചത്. ഈ ജില്ലകളിലും ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചു.

Top