83 തേജസ് പോര്‍വിമാനങ്ങള്‍ വരും; ചരിത്രം കുറിച്ച് എച്ച്എഎല്ലിന് 39000 കോടിയുടെ കരാര്‍

സൈനിക ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ കരാറില്‍ അന്തിമ തീരുമാനം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് 83 സിംഗിള്‍ എഞ്ചിന്‍ തേജസ് യുദ്ധവിമാനങ്ങളും, സപ്പോര്‍ട്ട് പാക്കേജുമാണ് പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കൈമാറുക. പദ്ധതിക്ക് എച്ച്എഎല്‍ 56,500 കോടി രൂപ ആവശ്യപ്പെട്ടതോടെ അന്തിമതീരുമാനം വൈകുകയായിരുന്നു.

ഇപ്പോള്‍ 39000 കോടി രൂപയ്ക്കാണ് അന്തിമ കരാര്‍ ധാരണയായത്. ഒരു വര്‍ഷമായി നടക്കുന്ന ചര്‍ച്ചകള്‍ക്കും, വിലപേശലുകള്‍ക്കും ഒടുവിലാണ് 17000 കോടി രൂപ കുറച്ച് നല്‍കിയത്. 83 തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ക്കും, മെയിന്റനന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജിനും എച്ച്എഎല്‍ പറഞ്ഞ വില പ്രതിരോധ മന്ത്രാലയത്തെയും, ഇന്ത്യന്‍ വ്യോമസേനയെയും ഞെട്ടിച്ചിരുന്നു.

കരാര്‍ തുക 39000 കോടിയായി നിശ്ചയിച്ചതോടെ ഇതുസംബന്ധിച്ച ഫയല്‍ സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അനുമതിക്കായി അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31ന് മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കരാറില്‍ ഒപ്പുവെച്ചാല്‍ മൂന്ന് വര്‍ഷത്തിനകം മാര്‍ക്ക് 1എ ജെറ്റുകള്‍ കൈമാറാമെന്നാണ് എച്ച്എഎല്‍ വാഗ്ദാനം.

2016 നവംബറിലാണ് 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആദ്യം അംഗീകാരം നല്‍കിയത്. 49,797 കോടി രൂപയാണ് വില പ്രതീക്ഷിച്ചത്. എന്നാല്‍ എച്ച്എഎല്‍ ക്വട്ടേഷന്‍ നല്‍കിയത് 56,500 കോടി രൂപയ്ക്കാണ്. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ക്ക് വരെ എച്ച്എഎല്‍ ലാഭം ഈടാക്കിയതോടെയാണ് തുക കുതിച്ചുയര്‍ന്നത്. 30 ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ മാത്രമുള്ള ഇന്ത്യന്‍ വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങളില്‍ പാകിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടേണ്ടത്‌ അടിയന്തര ആവശ്യവുമാണ്.

Top