ജീവനക്കാരുടെ എണ്ണം കുറയുന്നു; എച്ച്.എ.എല്‍ ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഏറെനാളായി നീണ്ടു നില്‍ക്കുന്ന റഫാല്‍ വിവാദങ്ങള്‍ക്കിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിലെ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റെ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ആവശ്യത്തിന് എത്തിക്കാന്‍ തുടര്‍ച്ചയായി പരിശ്രമിക്കുകയാണെന്നും മന്ത്രി രാജ്യസഭയില്‍ നടന്ന ചോദ്യോത്തര വേളയില്‍ പറഞ്ഞു.

തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കുമെന്നുള്ള സൂചനകള്‍ മന്ത്രി നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ പെന്‍ഷനാകുന്നതും ജോലി രാജിവെക്കുന്നതുമാണ് ഇത്രയധികം കുറവുണ്ടാകാന്‍ കാരണമാകുന്നതെന്നും മന്ത്രി പറഞ്ഞു. ജോലിക്കാരെ എടുക്കുന്നത് കൈവശമുള്ള പദ്ധതികളും കമ്പനിയുടെ ആവശ്യകതയുമനുസരിച്ചാകും നിറവേറ്റുകയെന്നും സുഭാഷ് ഭാമ്റെ മറുപടിയില്‍ പറയുന്നു.

നിലവിലെയും ഭാവിയിലേയും ജോലിഭാരം കണക്കിലെടുത്താണ് ജീവനക്കാരെ നിശ്ചയിക്കുന്നത്. എച്ച്.എ.എല്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സങ്കീര്‍ണമായ മേഖലകളിലൊഴികെ പുറംകരാര്‍ നല്‍കിയേക്കുമെന്നും മന്ത്രി മറുപടിയില്‍ പറയുന്നുണ്ട്.

തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ 1000 കോടി കടമെടുക്കാന്‍ എച്ച്. എ.എല്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.

Top