എച്ച്എഎല്ലിനെ മനപ്പൂര്‍വ്വം ഒഴിവാക്കി; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

rafel

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) പങ്കാളിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നു ഡാസോ ചെയര്‍മാന്‍ എറിക് ട്രപ്പിയര്‍ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. 2015 മാര്‍ച്ച് 25നു ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണിത്.

ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറിനെക്കുറിച്ച് ട്രപ്പിയര്‍ വിശദീകരിക്കുന്നു. എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ തെരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ തെളിവ്.

റിലയന്‍സിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയെന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു വിവാദമായപ്പോള്‍, അക്കാര്യത്തെക്കുറിച്ചു ഡാസോയ്ക്കാണ് അറിയാവുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എച്ച്എഎല്ലുമായുള്ള കരാറിനെക്കുറിച്ച് അനുകൂല പരാമര്‍ശം നടത്തിയതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് കമ്പനി, പ്രതിരോധ മന്ത്രാലയം, എച്ച്എഎല്‍ എന്നിവ തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

പുതിയ വീഡിയോ വിവാദം പൂര്‍ണ്ണമായും തള്ളി ബിജെപി രംഗത്തെത്തി. ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് മന്ത്രിയും വക്താവുമായ ഗജേന്ദ്ര ശെഖാവത് പ്രതികരിച്ചു.

Top