സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി ഇന്ന് രാജിവെക്കും

മലപ്പുറം: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി ഇന്ന് രാജിവെക്കും. സമസ്തയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നടപടി. സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീ​ഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ രാത്രി ഹക്കീം ഫൈസിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ വിദ്യാർത്ഥി, യുവജന വിഭാ​ഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ച് യുവജന വിഭാ​ഗമായ എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞദിവസം ഹക്കീം ഫൈസിക്കൊപ്പം വേടി പങ്കിട്ടിരുന്നു.

അത് സമസ്തയിൽ കടുത്ത എതിർപ്പിന് ഇടയാക്കി. സമസ്ത നേതാക്കളുടെ കടുത്ത അമർഷം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹക്കീം ഫൈസി രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈൻ തങ്ങളും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്.

Top