‘ഇയാബ്’; വിദേശ ഹജ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ പുതിയ പദ്ധതി

ജിദ്ദ : ഹജ് തീര്‍ഥാടനത്തിനെത്തുന്ന വിദേശികളുടെ മടക്കയാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ‘ഇയാബ്’ എന്ന് പേരിട്ട പുതിയ പദ്ധതി ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പായി താമസ സ്ഥലങ്ങളില്‍ തന്നെ ഹാജിമാരുടെ മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്.

ഇന്തോനേഷ്യ,മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹാദി അല്‍മന്‍സൂരി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ശ്രമിക്കുന്നത്.
ഇതിലൂടെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീന പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും തീര്‍ഥാടകര്‍ക്ക് കാത്തുനില്‍ക്കേണ്ട സമയം കുറയും.

ആദ്യ ഘട്ടത്തില്‍ ജിദ്ദ എയര്‍പോര്‍ട്ടും മദീന വിമാനത്താവളവും വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന 30,000 ഹാജിമാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജിദ്ദ വിമാനത്താവളത്തില്‍ 16,500 ഹാജിമാര്‍ക്കും മദീന എയര്‍പോര്‍ട്ടില്‍ 13,500 തീര്‍ഥാടകര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

Top