ഹജ്ജ് യാത്ര; ഇന്ന് മൂന്നു വിമാനങ്ങളില്‍ പുറപ്പെടുന്നവരില്‍ ഭൂരിഭാഗവും വനിതകള്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്നു വിമാനങ്ങളില്‍ യാത്രയാകുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകളെന്ന് റിപ്പോര്‍ട്ട്.

45 വയസ്സ് കഴിഞ്ഞ നാലു പേരടങ്ങുന്ന വനിതാ സംഘത്തിന് ഭര്‍ത്താവിന്റെയോ രക്തബന്ധമുള്ള പുരുഷന്റെയോ സഹായമില്ലാതെ തന്നെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഈ വര്‍ഷം മുതല്‍ അനുമതി നല്‍കിയിരുന്നു. ശനിയാഴ്ച പുറപ്പെടുന്ന മൂന്ന് വിമാനങ്ങളില്‍ മൊത്തം 1,230 തീര്‍ത്ഥാടകരാണ് യാത്രയാകുന്നത്. രാവിലെ 7.55ന് പുറപ്പെടുന്ന എസ്.വി. 5916 വിമാനത്തില്‍ 376 പേരും രാവിലെ 9.55ന് പുറപ്പെടുന്ന എസ്.വി. 5920 വിമാനത്തില്‍ 375 വനിതകളും രാത്രി 10.55ന് പുറപ്പെടുന്ന എസ്.വി. 5924 വിമാനത്തില്‍ 333 വനിതകളുമാണ് യാത്രയാകുന്നത്.

പുരുഷന്‍മാരുടെ സഹായമില്ലാതെ ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കുന്ന 1308 പേരില്‍ 1124 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തില്‍ തന്നെ താമസ സൗകര്യവും ഒരുക്കുന്നതാണ്.

Top