ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ; നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി

ജിദ്ദ: 60,000 തീർത്ഥാടകര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കി.സൗദിയില്‍ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവർക്കാണ് അനുമതി . ഇതിനു പിന്നാലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി അധികൃതര്‍ രംഗത്തെത്തി. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ജീവിതത്തില്‍ ഇതു വരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണത്തെ ഹജ്ജിന് മുന്‍ഗണന നല്‍കുകയെന്ന് ഹജ്ജ്- ഉംറ ഡെപ്യൂട്ടി മിനിസ്റ്റര്‍ അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു.

ഇത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിഹും അറിയിച്ചു. തീരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഹജ്ജിന് അനുമതിയില്ല. ഹജ്ജിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ മാറാവ്യാധികള്‍ ഇല്ലാത്തവരും 18നും 65നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ കൃത്യമായി ഓണ്‍ലൈന്‍ രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യത്തില്‍ ആര്‍ക്കും കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുടെ തവക്കല്‍നാ ആപ്പില്‍ അക്കാര്യം തീയതിയും സ്ഥലവും വാക്‌സിന്റെ ബാച്ച് നമ്പറും സഹിതം ലഭ്യമാവും. അവ പരിശോധിച്ച ശേഷം മാത്രമേ ഹജ്ജിന് പ്രവേശനാനുമതി നല്‍കൂ എന്നും അദ്ദേഹം അറിയിച്ചു.

Top