ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ; അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്

ഡല്‍ഹി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്. 11 മണി മുതല്‍ ഡല്‍ഹിയില്‍ വെച്ചാണ് നറുക്കെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ഇന്ന് വൈകിട്ടോടെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയുളള ഹജ്ജ് വിമാന നിരക്ക് വര്‍ധനവില്‍ വളരെയധികം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിന് പോകുന്ന വിമാനത്താവളത്തില്‍ നിന്നുളള നിരക്ക് വര്‍ധന ഗൗരവമായെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹജ്ജ് തീര്‍ത്ഥാടകരോട് എയര്‍ ഇന്ത്യ കാണിക്കുന്ന നിഷേധ നിലപാടിനെതിരെ ജനം പ്രതികരിക്കുമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. തീര്‍ത്ഥാടകരെ കൊളളയടിക്കുന്ന എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്‌നമേയുളളു. സൗദി എയര്‍ലൈന്‍സിന് കുറഞ്ഞ നിരക്കില്‍ തീര്‍ത്ഥാടകരെ കൊണ്ടുവരാമെങ്കില്‍ രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് എന്താണ് തടസമെന്നും മന്ത്രി ചോദിച്ചു.

Top