ഹജ്ജ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്സിന് അര്‍ഹത

Hajj

റിയാദ്: ഹജ്ജ് രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ഉടന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യമൊരുക്കുക.

ഇവര്‍ക്ക് ഹജ്ജ് രജിസ്ട്രേഷന്‍ വേളയില്‍ നല്‍കിയ മൊബൈലിലേക്ക് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുമെന്നും ഉടന്‍ തന്നെ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും ഹജ്ജ് ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് വ്യക്തമാക്കി.

വാക്സിന്‍ ക്ഷാമം കാരണം സൗദി അറേബ്യ രണ്ടാം ഡോസ് വാക്സിന്‍ വിതരണം ഇടക്കാലത്ത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് ആദ്യം 60 വയസ്സുള്ളവര്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ 50ന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ വിതരണം പുനരാരംഭിക്കുകയുണ്ടായി. അതേസമയം, 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിലവില്‍ രണ്ടാം ഡോസ് നല്‍കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഹജ്ജ് തീര്‍ഥാടകരില്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍ക്ക് അത് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഹജ്ജ് ഉംറ കാര്യ മന്ത്രാലയം കൈക്കൊള്ളുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.

ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജൂലൈ ഒന്‍പതോടെ പൂര്‍ത്തിയാവുമെന്നും ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. ഇത്തവണ ഹജ്ജിന് ലഭിച്ച 5.58 ലക്ഷം അപേക്ഷകളില്‍ നിന്ന് 60,000 പേര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം നല്‍കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

സൗദിയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജിന് അവസരമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടതായി ലഭിക്കുന്ന സന്ദേശങ്ങള്‍ അന്തിമമല്ലെന്നും ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 

Top