ഹജ്ജിന് ഓൺലൈനായി അപേക്ഷിക്കാം; അവസാന തിയതി ജനുവരി 31

ടുത്ത വര്‍ഷത്തെ ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. നടപടികള്‍ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങില്‍ നഖ്വി വ്യക്തമാക്കി. മൊബൈല്‍ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി.

ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 21ല്‍നിന്ന് 10 ആയി കുറച്ചു. പട്ടികയില്‍ കരിപ്പൂരില്ല. കേരളത്തില്‍നിന്നു കൊച്ചി മാത്രമാണുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണു മറ്റു കേന്ദ്രങ്ങള്‍. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പദ്ധതിയുടെ ഭാഗമായി തീര്‍ഥാടകര്‍ തദ്ദേശീയ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സൗദിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ കിടക്കവിരി ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ ലഭ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണമെന്നു ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജ്യത്തുതന്നെ ഏറ്റവുമധികം തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സര്‍വീസ് നടത്തുന്നതെന്നും കരിപ്പൂരിനു വലിയ വിമാനങ്ങളിറക്കാന്‍ അനുമതിയായിട്ടില്ലെന്നുമാണ് കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്.

Top