കൊവിഡ് ; ഇത്തവണയും വിദേശികള്‍ക്ക് ഹജ്ജിന് അനുമതിയില്ല

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികള്‍ക്ക് ഇത്തവണയും ഹജ്ജ് തീര്‍ഥാടനത്തിന് അനുമതിയില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി നല്‍കേണ്ടെന്ന് സൗദി ഭരണകൂടം തീരുമാനിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലുള്ള 60,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കാന്‍ ഇത്തവണ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ്, ആരോഗ്യ മന്ത്രിമാര്‍ അറിയിച്ചു. സൗദി പൗരന്‍മാരും നിലവില്‍ സൗദിയിലുള്ള വിദേശികളും ഉള്‍പ്പെടെയാണിത്. സൗദിയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിശദമായി വിലയിരുത്തിയ ശേഷമാണ് വിദേശത്തു നിന്നു വരുന്നവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രിമാര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെയും തീര്‍ഥാടനത്തിന് എത്തുന്നവരുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണിത്. നിലവിലെ സാഹചര്യത്തില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് തീര്‍ഥാടനത്തിന് അനുമതി നല്‍കുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രിമാര്‍ അറിയിച്ചു.

Top