കോവിഡ് 19; ഈ വര്‍ഷത്തെ ഹജ്ജിന്​ അവസരം 65 വയസിന്​ താഴെയുള്ളവർക്ക്​ മാത്രം

ജിദ്ദ: കോവിഡ് പശ്ചാത്തലത്തില്‍ 65 വയസിന് താഴേ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമില്ലാത്തവര്‍ക്കും മാത്രമായിരിക്കും ഈ വര്‍ഷത്തെ ഹജ്ജിന് അവസരമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരിമിതമായ ആഭ്യന്തര തീര്‍ത്ഥാടകരെ പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താനുള്ള സൗദി ഗവണ്‍മെന്റിന്റെ തീരുമാനം മുസ്ലീംങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്. ഹജ്ജിന് പോകുന്നവരെ കോവിഡ് പരിശോധക്ക് വിധേയമാക്കും ഹജ്ജിനു ശേഷം തീര്‍ഥാടകര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ഹജ്ജ് സീസണിലേക്ക് മെഡിക്കല്‍ പ്രോേട്ടാകോളുകള്‍ വികസിപ്പിക്കുമെന്നും ഏത് അടിയന്തിരഘട്ടം തരണം ചെയ്യാനും സമ്പൂര്‍ണ ആശുപത്രി ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം, കോവിഡ് ലോകത്ത് ദിനംപ്രതി പടര്‍ന്ന് പിടിക്കുകയാണ്. ലോകമെമ്പാടുമുളള 80 ലക്ഷത്തിലധികമാളുകളെ ഇതുവരെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തവണ ഹജ്ജിന് ആരോഗ്യ രംഗത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തും. അതോടൊപ്പം തീര്‍ഥാടകരെ സേവിക്കുന്നവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

Top