അനുമതിരേഖയില്ല; മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികര്‍ പിടികൂടി

ജിദ്ദ:ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേക അനുമതിരേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികര്‍ പിടികൂടി. രേഖ ഇല്ലാതെ പ്രവര്‍ത്തിച്ച 132 സ്ഥാപനങ്ങള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തു.

അനുമതിപത്രമില്ലാത്ത 3,31,000 വിദേശികളെയാണ് ഒരു മാസത്തിനിടെ മക്കയുടെ പ്രവേശനകവാടങ്ങളില്‍നിന്ന് തിരിച്ചയച്ചത്.
മക്ക പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തില്‍വെച്ചാണ് ഹജ്ജ് അനുമതി രേഖ ഇല്ലാത്ത 116 പേരെ സുരക്ഷാ വിഭാഗം പിടികൂടിയത്. ഹജ്ജ് സുരക്ഷാ സേനാ കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ കമാന്‍ഡര്‍, മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് ആണ് രേഖ ഇല്ലാത്തവരെ പിടികൂടിയ കാര്യം അറിയിച്ചത്.

അതേസമയം ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെ ഒരു മാസത്തിനിടെ മക്കയുടെ വിവിധ പ്രവേശന കവാടങ്ങളില്‍നിന്ന് സുരക്ഷാ വിഭാഗം തിരിച്ചയച്ചിട്ടുണ്ട്. ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിവരികയാണ്.

Top