ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം തീര്‍ഥാടകരും ഇതിനകം മക്കയിലെത്തി. മിനായില്‍ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ 5 ദിവസം നീണ്ടു നില്‍ക്കും.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും മുമ്പ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചിട്ടില്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കി രാജ്യത്ത് തന്നെയുള്ള സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്കാണ് ഇക്കുറി തീര്‍ത്ഥാടനത്തിന് അവസരമുള്ളത്. ഇതില്‍ എഴുപതോളം മലയാളികളുമുണ്ട്.

വരുന്ന അഞ്ചു ദിവസം മക്ക ശുഭ്രവസ്ത്രം ധരിച്ച തീര്‍ഥാടകരുടെ തക് ബീര്‍ ധ്വനികളാല്‍ മുഖരിതമാകും. കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയ ഹജ്ജില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിജയം ഇപ്രാവശ്യവും ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് സൗദി. കര്‍ശന നിയന്ത്രണങ്ങളോടെ ആരംഭിച്ച ഹജ്ജ് തീര്‍ത്ഥാടനം ജൂലായ് 22 ന് പരിസമാപ്തിയിലെത്തും.

Top