ഹജ്ജിന് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

മക്ക: രണ്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷമുള്ള ഹജ്ജ് തീർഥാടനത്തിന്‌ ഇന്ന് തുടക്കം. മിനായിൽ വ്യാഴാഴ്ച തീർഥാടകരുടെ രാപ്പാർക്കലോടെ ചടങ്ങ്‌ ആരംഭിക്കും. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. സൗദിയിൽ ശനിയും കേരളത്തിൽ ഞായറും ബലിപെരുന്നാൾ ആഘോഷിക്കും.

കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ ഹജ്ജെന്ന് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടുവർഷമായി ഹജ്ജ് കർമ്മം സൗദിക്കകത്തു നിന്നുള്ള പരിമിതമായ ഹാജിമാർ മാത്രമായിരുന്നു നിർവ്വഹിച്ചിരുന്നത്. എന്നാൽ ഇത്തവണ വിദേശത്തുനിന്നുള്ള തീർത്ഥാടകർക്കുകൂടി ഹജ്ജ് കർമത്തിന് അവസരം നൽകിയിട്ടുണ്ട്. കോവിഡ്‌ വാക്‌സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ്‌ അനുമതി.

സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. എല്ലാവരും പൂർണ ആരോ​ഗ്യവാന്മാരാണെന്നും സുഗമമായി ഹജ്ജ് നിർവഹിക്കാനുള്ള ഒരുക്കം പൂർത്തിയായെന്നും ഇന്ത്യൻ ഹജ്ജ് മിഷന് നേതൃത്വം വഹിക്കുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.

ഇന്ത്യയിൽനിന്ന് 79,237 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. 56,637 ഹാജിമാർ ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. കേരളത്തിൽനിന്ന് 5758 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുക.

Top