ഹജ്ജ് തീര്‍ത്ഥാടകരുടെ കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി ഡേകെയറുമായി സൗദി

റിയാദ്: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ കുട്ടികളെ പരിപാലിക്കാനായി താല്‍ക്കാലിക ശിശു പരിപാലന, നഴ്‌സറി കേന്ദ്രങ്ങള്‍ ഒരുക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുമായെത്തുന്നവര്‍ക്കു തങ്ങളുടെ കര്‍മങ്ങള്‍ പ്രയാസമില്ലാതെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനായാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയം മക്ക ഓഫീസ് പ്രാദേശിക ഹജ്ജ് കമ്പനി കോര്‍ഡിനേഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 18 താല്‍ക്കാലിക ശിശു പരിപാലന, നഴ്‌സറി കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇവയില്‍ മൊത്തം 585 കുട്ടികള്‍ക്കാണ് പ്രവേശനമുള്ളത്. 2,500 സൗദി റിയാലാണ് ഓരോ കുട്ടികള്‍ക്കും ചാര്‍ജായി ഈടാക്കുന്നത്.

യോഗ്യതയുള്ള മികച്ച പരിശീലനം ലഭിച്ച അധ്യാപികമാരാണ് കുട്ടികളെ പരിപാലിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കുന്ന അധ്യാപികമാരും ഉണ്ടാവും. വിദ്യാഭ്യാസവും വിനോദവും സംരക്ഷണവും ആരോഗ്യവും ഒത്തൊരുമിച്ചുള്ള സര്‍വീസുകളാണ് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്.

പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും. കുട്ടികളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ 24 മണിക്കൂര്‍ നഴ്‌സുമാരുടെ സേവനവും ലഭ്യമായിരിക്കും. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന പോഷകാഹാര ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

വിവിധ വിദ്യാഭ്യാസ, വിനോദ പരിപാടികളോടൊപ്പം കുട്ടികള്‍ക്ക് ഹജ്ജിനെക്കുറിച്ച്‌ ബാലപാഠവും നല്‍കും. ഏതു സമയത്തും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാം. പുതിയ കേന്ദ്രങ്ങളെക്കുറിച്ചറിയാന്‍ അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കിഷ്, മലായ്, ഹിന്ദി എന്നീ ഭാഷകളില്‍ ലഘുലേഖകള്‍ ഇതിനോടകം അടിച്ചിറക്കിയിട്ടുണ്ട്.

Top